Friday, September 27, 2013

അനന്ത വിഹായസ്സില്‍ --------------------------രാജേഷ് എസ് വള്ളിക്കോട്

  • അനന്ത വിഹായസ്സില്‍ 
    രാജേഷ് എസ് വള്ളിക്കോട്
  • ആകാശത്തേക്കൊരു യാത്ര മനുഷ്യന്റെ സ്വപ്നമായിരുന്നു. സ്വപ്നം കണ്ടുതുടങ്ങിയവര്‍ അത് ലോകത്തെ അറിയിച്ചു. കഥകളിലൂടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇത്തരം കഥകള്‍ നാം വായിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ ചിറകിലേറി മനുഷ്യന്‍ നടത്തിയ മുന്നേറ്റം ഭൂമിക്ക് പുറത്തുള്ള ലോകവും അവന് കൈയെത്തും ദൂരത്തായി. ബഹിരാകാശ പര്യവേഷണങ്ങള്‍ അനുദിനം പുരോഗമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. "മനുഷ്യന്‍ എക്കാലവും ഇങ്ങനെ ഭൂമിയില്‍ തന്നെ കഴിയാന്‍ പോകുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് അറിയാനുള്ള തിടുക്കം കൊണ്ട് ആദ്യമൊക്കെ അല്‍പം പേടിയോടെയാണെങ്കിലും ഒരിക്കല്‍ അന്തരീക്ഷത്തിന്റെ അതിര്‍വരമ്പ് ഭേദിച്ച് അവന്‍ പുറത്തുകടക്കും" 1903-ല്‍ "സയന്‍സ് സര്‍വേ" എന്ന മാസികയില്‍ വന്ന ലേഖനത്തിലെ വരിയാണിത്. ബഹിരാകാശത്തേക്ക് മനുഷ്യനിര്‍മിത വാഹനങ്ങളയക്കാന്‍ കഴിയുമെന്നായിരുന്നു ലേഖനത്തിന്റെ ചുരുക്കം. റോക്കറ്റുകളെക്കുറിച്ച് വിശദമായി എഴുതിയ ലേഖനം ഒരു റഷ്യന്‍ സ്കൂള്‍ അധ്യാപകന്റേതായിരുന്നു.ശൂന്യാകാശത്തേക്കുള്ള മനുഷ്യയാത്രയെക്കുറിച്ച് ആദ്യത്തെ ശാസ്ത്രീയ വിശദീകരണമായിരുന്നു ഇത്. ഇതെഴുതിയ സിയോല്‍ കോവ്സ്കിയെ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു. ഹെര്‍മാന്‍ ഒബേര്‍ത്ത് എന്ന ശാസ്ത്രകാരന്റെ ലേഖനങ്ങളാണ് റോക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പാശ്ചാത്യലോകത്തെ പ്രേരിപ്പിച്ചത്. 

    ബഹിരാകാശയുഗത്തിലേക്ക് 

    1957 ഒക്ടോബര്‍ നാലിന് 84 കിലോഗ്രാം തൂക്കവും 58 സെ.മീ. വ്യാസവുമുള്ള "സ്ഫുട്നിക്- ഒന്ന്" എന്ന ഇലക്ട്രോണിക് ഉപകരണം ബഹിരാകാശത്തെത്തി. വൃത്താകാര ഭ്രമണപഥത്തിലൂടെ "സ്ഫുട്നിക്" ചുറ്റാന്‍ തുടങ്ങിയതോടെ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രായോഗിക സാധ്യത തെളിയിക്കപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തെയും ബഹിരാകാശ മാര്‍ഗങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ ദിനം വിസ്മരിക്കാനാവാത്ത ഒന്നായി. ഐക്യരാഷ്ട്രസഭാ നിര്‍ദ്ദേശമനുസരിച്ച് ഒക്ടോബര്‍ നാലു മുതല്‍ 10വരെ ലോകം ബഹിരാകാശ വാരമായി ആചരിക്കുന്നു. ഒക്ടോബര്‍ പത്തിനും ഒരു പ്രത്യേകതയുണ്ട്. 1967-ലെ ഈ ദിവസമാണ് ബഹിരാകാശം ആയുധ വിമുക്തമാക്കണമെന്ന അന്താരാഷ്ട്ര ഉടമ്പടി നിലവില്‍ വന്നത്.

    ബഹിരാകാശ വാരാചരണം എന്തിന്

    ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുക, ഒരു രാജ്യത്തിന്റെ നേട്ടം മാനവരാശിയുടേത് ആകെയാക്കി മാറ്റുക, ഈ രംഗത്ത് ഇതുവരെ നേടിയ നേട്ടങ്ങള്‍ സംബന്ധിച്ച അറിവുകള്‍ എല്ലാവരിലും എത്തിക്കുക തുടങ്ങിയവ വാരാചരണം ലക്ഷ്യമിടുന്നു. വാരാചരണ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് ബഹിരാകാശത്തെക്കുറിച്ച് അറിവ് നല്‍കുന്നതിനും ഈ രംഗത്തേക്ക് അവരെ ആകര്‍ഷിക്കുന്നതിനും വാരാചരണം കൊണ്ട് ഉദ്ദേശിക്കുന്നു. 

    ബഹിരാകാശം എവിടെ

    ഭൂമിയില്‍നിന്ന് ഏകദേശം 200 കിലോമീറ്ററിനപ്പുറമുള്ള ഭാഗത്തെ ബഹിരാകാശമായി കണക്കാക്കുന്നു. ഇവിടെ വായുവില്ല. കറുത്ത പുതപ്പിനുള്ളില്‍ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ മാത്രം. അപകടകാരികളായ രശ്മികള്‍ ബഹിരാകാശത്തുണ്ട്. ഏറെയും സൂര്യനില്‍നിന്നെത്തുന്ന ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് രശ്മികള്‍ . ഇവയൊക്കെ തരണം ചെയ്താണ് യാത്ര നടത്തുക. 

    ആസ്ട്രോനോട്ട്, കോസ്മോനോട്ട്


    ബഹിരാകാശ യാത്ര നടത്തുന്നവരെ "ആസ്ട്രോനോട്ട്", "കോസ്മോനോട്ട്" എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ബഹിരാകാശ വാഹനത്തെ നയിക്കാനോ അതിന്റെ ഏതെങ്കിലും ഘടകങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനോ ബഹിരാകാശ യാത്രാസമയത്ത് ഗവേഷണം നടത്താനോ പരിശീലിപ്പിക്കപ്പെട്ടയാള്‍ എന്നാണ് രണ്ടു വാക്കിന്റെയും അര്‍ത്ഥം. "ആസ്ട്രോനോട്ട്" എന്നത് അമേരിക്കക്കാര്‍ ഉപയോഗിച്ച് തുടങ്ങിയതാണ.് ഇതിന് സമാനമായ റഷ്യന്‍ വാക്കാണ് "കോസ്മോനോട്ട്" 

    ഗവേഷണം

    ഭൂമിക്ക് പുറത്തുള്ള ലോകത്തെക്കുറിച്ചറിയാന്‍ മനുഷ്യന്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇത്രയധികം പണം ഇതിന് ചെലവഴിക്കുന്നതിനെ വിമര്‍ശിക്കുന്നവരും കുറവല്ല. മനുഷ്യന്റെ ഇന്നത്തെ നേട്ടങ്ങളില്‍ ഈ ഗവേഷണങ്ങള്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. ബഹിരാകാശത്തെ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ നമ്മുടെ നിത്യജീവിതത്തെ വളരെയേരെ സ്വാധീനിക്കുന്നുണ്ട്. ബ്രസീലില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരം തത്സമയം കാണാനും കാലാവസ്ഥ മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാനും ബഹിരാകാശ ഗവേഷണം നമ്മെ സഹായിക്കുന്നു. 

    മനുഷ്യന്‍ ബഹിരാകാശത്ത്

    ബഹിരാകാശ വാരാചരണം തുടങ്ങിയിട്ട് 11 വര്‍ഷം പിന്നിട്ടു. ഇത് 12-ാമത് വാരാചരണം. ഈ വര്‍ഷത്തെ വാരാചരണത്തിന് ഒരു പ്രത്യേകതയുണ്ട്. മനുഷ്യന്‍ ബഹിരാകാശത്ത് എത്തിയിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാവുന്നു. "മനുഷ്യന്റെ ബഹിരാകാശ യാത്രയുടെ അമ്പതാണ്ടുകള്‍" എന്നതാണ് വാരാചരണത്തിന്റെ ഇത്തവണത്തെ പ്രചാരണാശയം. 1961 ഏപ്രില്‍ 12നാണ് യൂറി ഗഗാറിന്‍ എന്ന റഷ്യക്കാരന്‍ (അന്ന് സോവിയറ്റ് യൂണിയന്‍) ആദ്യമായി ബഹിരാകാശത്ത് എത്തിയത്. "വോസ്തോക്-1" എന്ന ഉപഗ്രഹമാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്രയ്ക്ക് വാഹനമായത്. ഭൂമിയെ ഒരു തവണ ചുറ്റിയ ഈ യാത്ര മനുഷ്യചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഏടാണ്. സോവിയറ്റ് യൂണിയന്റെ വിജയത്തിന് ശേഷം അമേരിക്കയും മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു. "ഫ്രീഡം-7" എന്ന വാഹനത്തില്‍ അലന്‍ ബി ഷെപ്പേഡ് ആണ് ബഹിരാകാശത്ത് എത്തിയത്. 2003-ല്‍ ചൈനയും സ്വന്തം നിലയില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു. "ഷെന്‍ഷു-5" എന്ന വാഹനത്തില്‍ യാങ് ലി വെയ് ഏതാണ്ട് ഒരു ദിവസം ഭൂമിയെ ചുറ്റി.

    അനന്തതയുടെ ആഴങ്ങളില്‍ ...

    ഇതുവരെ ബഹിരാകാശത്ത് നാനൂറോളം പേര്‍ എത്തിയിട്ടുണ്ട്. 2007 ജൂണ്‍ വരെ മനുഷ്യരുള്‍പ്പെട്ട 258 ബഹിരാകാശ യാത്രകള്‍ നടന്നു. 36 രാജ്യങ്ങളില്‍ നിന്നായി 448 പേര്‍ ബഹിരാകാശത്ത് എത്തി. മനുഷ്യന്‍ ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ച ദിനങ്ങളുടെ എണ്ണം എത്രയെന്നോ? 29000 ദിവസം. അതായത് 79 ലധികം വര്‍ഷം. ഏറ്റവും കൂടുതല്‍ സമയം പല തവണയായി ബഹിരാകാശത്ത് താമസിച്ചതിന്റെ റെക്കോഡ് സെര്‍ജി ക്രീക്ലോഫിനാണ്.- 804 ദിവസം. തുടര്‍ച്ചയായി കൂടുതല്‍ കാലം താമസിച്ചത് ഇന്ത്യന്‍ വംശജയായ സുനിത വില്യംസാണ്. 195 ദിവസം. എഴുതവണ ബഹിരാകാശ യാത്ര നടത്തിയവരാണ് അമേരിക്കക്കാരായ ഫ്രാങ്ക്ളിന്‍ ചാങ് ഡയസ്, ജെറി എല്‍ റോസ് എന്നിവര്‍ . ബഹിരാകാശ യാത്ര സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ നല്‍കുന്ന സംഘടനയാണ് എഫ്എഐ (ഫെഡറേഷന്‍ എയറോനോട്ടിക് ഇന്റര്‍നാഷണല്‍). 

    സ്പേസ് ഷട്ടില്‍ 

    കാഴ്ചയില്‍ ഒരു വലിയ വിമാനം പോലെയാണ് സ്പേസ് ഷട്ടില്‍ . ബഹിരാകാശ യാത്രികരുടെ പ്രിയ വാഹനമാണിത്. ഇത് റോക്കറ്റിനെ പോലെ ഭൂമിയില്‍ നിന്ന് കുതിച്ചു പൊങ്ങുകയും വിമാനം പോലെ തിരിച്ചിറങ്ങുകയും ചെയ്യും. ഒന്നിലേറെ തവണ യാത്ര നടത്താന്‍ ഇതിന് കഴിയുമെന്നതാണ് ഏറ്റവും പ്രധാന ഗുണം. സ്പേസ് ഷട്ടിലില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനും കിടക്കാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രികരുടെ കാബിനില്‍ ശുദ്ധവായു നിറച്ചിരിക്കും. പരീക്ഷണങ്ങള്‍ക്കായി ക്യാമറകള്‍ , ടെലസ്കോപ്പുകള്‍ എന്നിവയും ഉണ്ടാവും. ഉപഗ്രഹ വിക്ഷേപണം ഒരുക്കുന്നതിനും സൗകര്യമുണ്ട്. പരീക്ഷണത്തിനായുള്ള ആദ്യ ഷട്ടില്‍ "എന്റര്‍പ്രൈസ്" 1977-ല്‍ വിജയകരമായി പറന്നു. 1981 ഏപ്രില്‍ 12ന് മനുഷ്യരെയും വഹിച്ച് ആദ്യം യാത്ര നടത്തിയത് "കൊളംബിയ" ആയിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സ്പേസ് ഷട്ടിലായ "അറ്റ്ലാന്റിസ്" 30 വര്‍ഷം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി യാത്ര അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു. ഇക്കാലത്തിനിടയില്‍ 135 തവണ അറ്റ്ലാന്റിസ് പറന്നു. ആകെ 84 ലക്ഷം കിലോമീറ്റര്‍ ദൂരം. നാസയുടെ അഞ്ചു സ്പേസ് ഷട്ടിലുകളാണ് കൊളംബിയ, ചലഞ്ചര്‍ , എന്‍ഡവര്‍ , ഡിസ്കവറി, അറ്റ്ലാന്‍റിസ് എന്നിവ. ഇതില്‍ അവസാനത്തേതായിരുന്നു അറ്റ്ലാന്റിസ്. 1986 ജനുവരി 23-ന് കുതിച്ചുയര്‍ന്ന് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ച് ചലഞ്ചറിലുണ്ടായിരുന്ന ഏഴു യാത്രികരും മരിച്ചതും 2003 ഫെബ്രുവരി ഒന്നിന് നിലത്തിറങ്ങുന്നതിനിടെ കൊളംബിയ തകര്‍ന്ന് ഇന്ത്യന്‍ വംശജയായ കല്‍പന ചൗള ഉള്‍പ്പെടെ ഏഴു യാത്രികര്‍ മരിച്ചതും ബഹിരാകാശ മുന്നേറ്റത്തിനിടയിലെ ചില തിരിച്ചടികളാണ്. 

    സ്പേസ് സ്യൂട്ട്

    ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന പ്രത്യേക തരം വസ്ത്രമാണ് സ്പേസ് സ്യൂട്ട്. ബഹിരാകാശത്ത് അനുഭവപ്പെടുന്ന കൊടും ചൂടിനെയും തണുപ്പിനെയും അതിജീവിക്കാന്‍ ഈ സ്യൂട്ട് സഹായിക്കും. അപകടകാരിയായ രശ്മികളില്‍നിന്ന് രക്ഷ നേടുന്നതിനും ഇത് സഹായകമാണ്. ഓക്സിജനും കുടിവെള്ളവും എല്ലാം സ്യൂട്ടില്‍ ഉണ്ടാവും. 

    ശൂന്യാകാശത്തേക്കും വിനോദയാത്ര

    ഇതുവരെ ഏഴുപേര്‍ ബഹിരാകാശത്ത് വിനോദയാത്ര നടത്തിയിട്ടുണ്ട്. ഏകദേശം 25-35 മില്യന്‍ ഡോളറാണ് യാത്രയ്ക്ക് ചെലവ്. "സ്പേസ് അഡ്വഞ്ചേഴ്സ്" എന്ന സ്വകാര്യ അമേരിക്കന്‍ കമ്പനിയാണ് ഇത് സാധ്യമാക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് ഇവര്‍ യാത്ര നടത്തിയത്. ബഹിരാകാശത്തേക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിനോദയാത്രക്ക് ആളുകളെ കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ ഒരു വ്യവസായി ഒരുക്കം തുടങ്ങിയിട്ടുണ്ട്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നയാളാണ് ആളുകളെ ബഹിരാകാശത്ത് എത്തിക്കാനുള്ള പേടക നിര്‍മാണം ആരംഭിച്ചത്. യാത്രയ്ക്കുള്ള ബുക്കിങും തുടങ്ങി. അഞ്ഞൂറോളം പേര്‍ കോടികള്‍ ചെലവുള്ള യാത്രയ്ക്ക് തയ്യാറായിരിക്കുന്നു. ബഹിരാകാശ രംഗത്ത് പുതിയ യുഗത്തിന് ഇത് തുടക്കമാവും. 

    ആകാശത്ത് തങ്ങി പരീക്ഷണങ്ങള്‍

    ഭൂമിയില്‍ ഗുരുത്വാകര്‍ഷണ ബലമുള്ളതിനാല്‍ അതിന്റെ സ്വാധീനത്തില്‍ ചെയ്യാന്‍ കഴിയാത്ത നിരവധി പരീക്ഷണങ്ങള്‍ ബഹിരാകാശത്ത് നടത്താന്‍ സാധിക്കും. അതിനാണ് ബഹിരാകാശത്ത് പരീക്ഷണ ശാല സ്ഥാപിച്ചത്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ , ജപ്പാന്‍ , കാനഡ, ബ്രസീല്‍ തുടങ്ങി 16ഓളം രാജ്യങ്ങള്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിച്ചത്.

1 comment:

  1. Sir,
    Thankalude Uthyamathine Nandi. Spacumaayi Bandappett Kooduthal Vivarangal Ulppeduthumallo.
    Bhaskaran Pekkadam
    Teacher. GHSS SOUTH TRIKARPUR,Kasargod

    ReplyDelete