Thursday, October 17, 2013

ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്

\
ഒഡിഷയിലും ആന്ധ്രപ്രദേശിലുമായി 24,000 കോടി രൂപയുടെ നഷ്ടംവിതച്ചാണ് ഫൈലിന്‍ ശാന്തമായത്. ഒഡിഷയിലെ ഗന്‍ജാം ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെ എത്തിയ ഫൈലിന്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച് രാവിലെ 10ന് ബൗഞ്ച് ജില്ലയിലെത്തിയാണ് ദുര്‍ബലമായത്. 15 പേരുടെ ജീവന്‍ കവര്‍ന്ന ഈ ചുഴലി 90 ലക്ഷംപേരുടെ ജീവിതം ഇരുട്ടിലാക്കി. 2.34 ലക്ഷം വീട് തകര്‍ന്നതായാണ് കണക്ക്. കോടിക്കണക്കിന് രൂപയുടെ നെല്‍ക്കൃഷിയടക്കം നശിച്ചു. 14,514 ഗ്രാമങ്ങളെ ഫൈലിന്‍ ബാധിച്ചു. ട്രെയിന്‍ഗതാഗതം താറുമാറായി. റെയില്‍ ലൈനുകള്‍, വൈദ്യുതി ടവര്‍, പ്ലാറ്റ്ഫോം, സിഗ്നലുകള്‍ എന്നിവയ്ക്ക് നാശം സംഭവിച്ചു. പലയിടത്തും ഇന്റര്‍നെറ്റ്, വൈദ്യുതിബന്ധം തകരാറിലായി. ഒഡിഷയിലെ ഗന്‍ജാമിലും സമീപജീല്ലകളിലുമാണ് ഏറെ നാശംവിതച്ചത്. രണ്ട് സംസ്ഥാനങ്ങളിലും ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചുഴലിയുടെ അനന്തരഫലമായി ബിഹാറിലും ബംഗാളിലും വെള്ളപ്പൊക്കമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ഫൈലിനെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ കൃത്യമായ മുന്നറിയിപ്പുപ്രകാരം നടത്തിയ ഇടപെടലുകള്‍ ആള്‍നാശം കുറയ്ക്കാന്‍ ഇടവരുത്തിയെന്നത് ആശ്വാസംനല്‍കുന്ന വസ്തുതയാണ്. ഫൈലിനെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ആന്ധ്രപ്രദേശിലും ഒഡിഷയിലും വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഏഴുലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഭുവനേശ്വര്‍ വിമാനത്താവളവും പാരാദ്വീപ് തുറമുഖവും അടച്ചു. ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. എല്ലാ കപ്പലും ഉള്‍ക്കടലിലേക്ക് മാറ്റി. 24 ട്രെയിന്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അമേരിക്കയിലേതടക്കം കാലാവസ്ഥവിദഗ്ധര്‍ നല്‍കിയതിനേക്കാള്‍ വളരെ കൃത്യമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയത് എന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഫൈലിന്‍ ഒഡിഷയില്‍ തൊടുന്നത് വന്‍ചുഴലിയായിട്ടായിരിക്കുമെന്നും 300 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നുമാണ് വിദേശ ഏജന്‍സികള്‍ പ്രവചിച്ചത്. ആറുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആര്‍ത്തലയ്ക്കുമെന്ന് അവര്‍ പ്രവചിച്ചു. 2005ല്‍ അമേരിക്കയില്‍ വന്‍നാശം വിതച്ച കത്രീനയോടാണ് അവര്‍ ഫൈലിനെ ഉപമിച്ചത്. അമേരിക്കന്‍ നാവികസേന, ബ്രിട്ടനിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം, ലണ്ടനിലെ ട്രോപ്പിക്കല്‍ സ്റ്റോം റിസ്ക് തുടങ്ങിയ ഏജന്‍സികളാണ് ഇങ്ങനെ പ്രവചിച്ചത്. എന്നാല്‍, ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നാണ് ഒടുവില്‍ തെളിഞ്ഞത്. 220 കിലോമീറ്റര്‍ വേഗമാണ് ഇവര്‍ ഫൈലിന് പ്രവചിച്ചത്. തിരമാലകള്‍ മൂന്നു കിലോമീറ്റര്‍ ഉയരത്തിലേ പൊങ്ങൂ എന്ന പ്രവചനവും കൃത്യമായി. റഡാര്‍ ഉപയോഗിച്ചുള്ള അത്യാധുനിക സംവിധാനവും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണവും ഉപഗ്രഹചിത്രങ്ങളുമാണ് ഇന്ത്യന്‍ കാലാവസ്ഥവകുപ്പിന് തുണയായത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്‍ക്കൊണ്ട് ദേശീയ ദുരന്തനിവാരണസേനയും മറ്റ് കേന്ദ്ര ഏജന്‍സികളും ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളും ഉണര്‍ന്നുപ്രവര്‍ത്തിച്ചതാണ് കൂടുതല്‍ ആള്‍നാശം ഒഴിവാക്കിയതെന്നത് ശ്രദ്ധേയം
- See more at: http://www.deshabhimani.com/newscontent.php?id=365255#sthash.9PHS28IY.dpuf

No comments:

Post a Comment