Wednesday, October 23, 2013

TOP STORIES TODAY
  Oct 23, 2013
ഇന്ത്യയുടെ ചൊവ്വാ ദൗത്യം നവംബര്‍ അഞ്ചിന്
T- T T+
ചെന്നൈ: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണവാഹനം നവംബര്‍ അഞ്ചിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍നിന്ന് ഉച്ചതിരിഞ്ഞ് 3.28ന് ചൊവ്വയിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ പ്രഥമ ബഹിരാകാശവാഹനം യാത്ര തുടങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. 'പി.എസ്.എല്‍.വി. സി 25' റോക്കറ്റാണ് 'മംഗല്‍യാന്‍' എന്നു പേരിട്ടിരിക്കുന്ന പര്യവേക്ഷണവാഹനത്തെ വഹിച്ചുകൊണ്ട് കുതിച്ചുയരുക.

ഏകദേശം 300 ദിവസം യാത്രചെയ്താണ് ബഹിരാകാശ വാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. 2014 സപ്തംബര്‍ 24ന് വാഹനം ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ. കണക്കുകൂട്ടുന്നത്. 450 കോടി രൂപയാണ് ഐ.എസ്.ആര്‍.ഒ. ചൊവ്വാദൗത്യത്തിനായി ചെലവിടുന്നത്.

ഒക്ടോബര്‍ 28ന് ചൊവ്വാദൗത്യം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. വിക്ഷേപണവുമായി ബന്ധപ്പെട്ട സിഗ്‌നലുകള്‍ പിന്തുടരുന്നതിനും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള 'എം.വി.എസ്.സി.ഐ. നളന്ദ' എന്ന കപ്പല്‍ ദക്ഷിണ പെസഫിക്കില്‍ എത്താന്‍ വൈകിയതാണ് ദൗത്യം ഒരാഴ്ചയോളം വൈകിച്ചത്. ഈ കപ്പല്‍ തിങ്കളാഴ്ച ഫിജിയിലെത്തിയെന്നും വിക്ഷേപണദൗത്യത്തിന് ഇനി തടസ്സങ്ങളൊന്നുമില്ലെന്നും ഐ.എസ്.ആര്‍.ഒ. പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ദേവിപ്രസാദ് കാര്‍നിക് പറഞ്ഞു.

ഐ.എസ്.ആര്‍.ഒ.യുടെ ബഹിരാകാശസംരംഭങ്ങളില്‍ ചൊവ്വാ ദൗത്യത്തിന് സവിശേഷസ്ഥാനമുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജീവസാന്നിധ്യത്തെക്കുറിച്ചും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഗ്രഹാന്തരദൗത്യങ്ങള്‍ക്കായുള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കും ഈ ദൗത്യം പ്രയോജനകരമാവുമെന്നാണ് ഐ.എസ്.ആര്‍.ഒ. കരുതുന്നത്.


No comments:

Post a Comment