ഐസോണ്‍ വാല്‍നക്ഷത്രം -എന്‍ എസ് അരുണ്‍കുമാര്‍- വാനനിരീക്ഷകര്‍ക്കായി ഒക്ടോബര്‍ അവസാനവാരം ഒരു അതിഥിയെ കാത്തുവയ്ക്കുന്നുണ്ട്- "ഐസോണ്‍" വാല്‍നക്ഷത്രം! ആകാശത്ത് ഒരു വാല്‍നക്ഷത്രത്തെ കാണാനാവുന്നത് ചെറിയ കാര്യമല്ല. ഒക്ടോബര്‍ അവസാനത്തോടെ ദൂരദര്‍ശിനിയിലൂടെയും അതിനുശേഷം നവംബര്‍ അവസാനവാരംമുതല്‍ ഡിസംബര്‍ ആദ്യ ആഴ്ചവരെ നഗ്നനേത്രംകൊണ്ടും ഈ ആകാശവിസ്മയത്തെ നേരില്‍ കാണാം. സൂര്യനെ ലക്ഷ്യമാക്കിയാണ് ഈ വാല്‍നക്ഷത്രം വരുന്നത്. 2012 സെപ്തംബര്‍ 21ന് രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഇങ്ങനെയൊരു വാല്‍നക്ഷത്രം സൂര്യനെ ലക്ഷ്യമാക്കി വരുന്നതായി കണ്ടെത്തിയത്. എന്നല്‍ അത് ഒരു വാല്‍നക്ഷത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍, എല്ലാ വാല്‍നക്ഷത്രങ്ങളും അവയെ കണ്ടുപിടിച്ച ആളുകളുടെ പേരില്‍ അറിയപ്പെടുന്ന പതിവ് "ഐസോണ്‍" വാല്‍നക്ഷത്രം തെറ്റിച്ചു. പിന്നീട് വാല്‍നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിന്റെ കണ്ടെത്തലിന് അവസരമൊരുക്കിയ ദൂരദര്‍ശിനിയുടെ പേരിന്റെ ചുരുക്കരൂപമാണ് അതിനു നല്കപ്പെട്ടത്. അതായിരുന്നു "ഐസോണ്‍". ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് .2012 സെപ്തംബര്‍ 21ന് ആദ്യം കണ്ടെത്തുമ്പോള്‍, "ഐസോണ്‍" വ്യാഴത്തിന്റെ ഭ്രമണപഥത്തിനും അപ്പുറമായിരുന്നു. വേഗം കൂടിക്കൂടി വരുന്നതരത്തിലാണ് സൂര്യന്റെ നേരെയുള്ള ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരം. സൂര്യന്റെ ആകര്‍ഷണശക്തിക്ക് അടിപ്പെട്ടു സഞ്ചരിക്കുന്നതുകൊണ്ടാണ് വേഗം കൂടിവരുന്നത്. വേഗംകൂടുന്നതനുസരിച്ച് ചെറിയൊരു വാലും "ഐസോണി"ന് മുളച്ചിട്ടുണ്ട്. വളര്‍ന്നു നീളുന്ന തരത്തിലുള്ള ഈ വാല് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടതാവും. നീണ്ടത് എന്നുപറഞ്ഞാല്‍, അതിന്റെ നീളം അനേകം കോടി കിലോമീറ്റര്‍വരെയാവാം. ഈ ആഗസ്തില്‍ നടത്തിയ നിരീക്ഷണം അനുസരിച്ച്, ഈ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് 32 കോടി കിലോമീറ്റര്‍ അകലെയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അത് ചൊവ്വയുടെ അടുത്തുകൂടി കടന്നുപോയി. നവംബര്‍ 28നാണ് സൂര്യന് ഏറ്റവും അടുത്തെത്തുന്നത്- 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. സൂര്യനെ സമീപിക്കുന്നതോടെ വേഗം കുറയുന്ന "ഐസോണ്‍", കുറച്ചു മുന്നോട്ടുപോവുമെങ്കിലും സൂര്യനെ ചുറ്റി തിരിച്ചുവരും. ആ തിരിച്ചുവരവിന്റെ സമയത്താണ് ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നത്. അടുത്തെത്തുന്നു എന്നു പറയാമെങ്കിലും ഇതത്ര അടുത്തുമല്ല. ഭൂമിയില്‍നിന്ന് ആറരക്കോടിയില്‍പ്പരം കിലോമീറ്റര്‍ അകലത്തുകൂടിയാകും "ഐസോണ്‍" കടന്നുപോവുന്നത്. ഡിസംബര്‍ 26നാവും ഇത്. എങ്കിലും ദൂരദര്‍ശിനി ഉപയോഗിച്ചാല്‍, ഒക്ടോബര്‍ അവസാനംമുതല്‍"ഐസോണി"നെ കാണാം."ഐസോണി"നെക്കുറിച്ച് പല വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്, അത് നിശാകാശത്തില്‍ പൂര്ണചന്ദ്രന്റെ പ്രകാശത്തെക്കാള്‍ അധികരിച്ച് പ്രകാശിക്കുമെന്നാണ്! ഇക്കാരണത്താല്‍ "ഈ നൂറ്റാണ്ടിലെ വാല്‍നക്ഷത്രം" എന്ന് ചിലര്‍ "ഐസോണി"നെ വിശേഷിപ്പിക്കുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒന്നാമതായി സൂര്യനു സമീപമെത്തുമ്പോള്‍, വാല്‍നക്ഷത്രം അടക്കമുള്ള എന്തിന്റെയും തിളക്കം എത്രമാത്രമാകുമെന്ന് മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രകാശത്തിന്റെ "പുരോദിശാ വിസരണം" കാരണമാണ് തിളക്കത്തില്‍ മാറ്റം ഉണ്ടാവുന്നത്. എങ്കിലും, തിളക്കത്തിന്റെ അളവ് ("മാഗ്നിറ്റ്യൂഡ്" - എന്നാണ് ഇത് അറിയപ്പെടുന്നത്) -3 മുതല്‍ -5 വരെ ആകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.ചന്ദ്രന്റെ അത്രത്തോളമില്ലെങ്കിലും, ഇത് ശുക്രന്റെ തിളക്കത്തോളമെത്തും. "ഐസോണി"ന്റെ മറ്റൊരു പ്രത്യേകത, അതിന് 1680ല്‍ വന്നെത്തിയ, തിളക്കത്തിലൂടെ ലോകപ്രശസ്തി നേടിയ മറ്റൊരു വാല്‍നക്ഷത്രവുമായുള്ള സാമ്യങ്ങളാണ്. തിളക്കം കൂടുതലായിരുന്നെങ്കിലും, 1680ലെ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരദിശയും ഐസോണിന്റെ സഞ്ചാരദിശയും ഒന്നായിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നു. അതേസമയം, "ഐസോണ്‍" ഒരു "മരിക്കുന്ന വാല്‍നക്ഷത്ര"മാണെന്നു കരുതുന്നവരുമുണ്ട്. കാരണം 2013 ജനുവരിമുതല്‍ 2013 സെപ്തംബര്‍ അവസാനംവരെയുള്ള നിരീക്ഷണത്തിനിടയില്‍, ഒരിക്കലും "ഐസോണി"ന്റെ തിളക്കം കൂടിയിട്ടില്ല. അത് സ്ഥിരമായി നില്‍ക്കുകയാണ്. വാല്‍നക്ഷത്രങ്ങളുടെ കാര്യത്തില്‍ ഇത് പുതുമയാണ്. ഇതിനൊക്കെയും വിശദീകരണം കണ്ടെത്താന്‍ "ആളിങ്ങെത്തട്ടെ" എന്ന ആശ്വാസവചനവുമായി കാത്തിരിക്കുകയാണ് ലോകമെമ്പാടുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും.എന്താണ് വാല്‍നക്ഷത്രം?"നീണ്ട തലമുടിയുള്ള നക്ഷത്രം" എന്ന് അര്‍ഥംവരുന്ന ഗ്രീക്പദമായ "കോമെറ്റെസ്" എന്നതില്‍നിന്നുമാണ് ഇംഗ്ലീഷിലെ "കോമെറ്റ്" എന്ന വാക്കിന്റെ ഉത്ഭവം. ഇതിന്റെ മലയാള വിവര്‍ത്തനമാണ് "വാല്‍നക്ഷത്രം".വാല്‍നക്ഷത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. "തലയും" "വാലും". അടിസ്ഥാനപരമായി മഞ്ഞുകട്ടകളാണ് എല്ലാ വാല്‍നക്ഷത്രങ്ങളും. സൂര്യന്റെ ചൂടേല്ക്കുമ്പോള് ഈ മഞ്ഞ് ഉരുകിത്തുടങ്ങും. അതോടൊപ്പം സൂര്യനില്‍നിന്നു പുറപ്പെടുന്ന "സൗരവാത" ത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണുകള്‍ ജലതന്മാത്രയുമായി കൂട്ടിയിടിച്ച്, അവയിലെ ഹൈഡ്രജന്‍ ആറ്റങ്ങളെ തട്ടിക്കളയും. ഈ സ്വതന്ത്ര ഹൈഡ്രജനും ബാക്കിയാവുന്ന "ഹൈഡ്രോക്സില്‍" ആയോണും ജലബാഷ്പവും ചേര്‍ന്ന്, "വാല്‍നക്ഷത്ര"ത്തിന് ഒരു വലിയ "തല" രൂപപ്പെടും. ഇതാണ് "കോമ" ). ഇതിന്റെ ഒരംശം കാറ്റില്‍പറക്കുന്ന ഒരു പട്ടത്തിന്റെ വാലെന്നപോലെ പിന്നിലേക്കു നീളും. ഇതാണ് വാല്‍നക്ഷത്രത്തിന്റെ "വാല്" ആയി മാറുന്നത്. സൂര്യനോട് അടുക്കുന്തോറും തലയും വാലും വലുതായിവരും.ചരിത്രത്തിലെ പ്രധാന വാല്നക്ഷത്രങ്ങള്(1) ഹാലിയുടെ വാല്‍നക്ഷത്രം : 75 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്തുന്ന വാല്‍നക്ഷത്രമാണിത്. 2061ലാകും ഇത് വീണ്ടും ഭൂമിയുടെ അടുത്തെത്തുന്നത്.(2) 1680ലെ വാല്‍നക്ഷത്രം : ഐസക് ന്യൂട്ടണ്‍, ഈ വാല്‍നക്ഷത്രത്തിന്റെ ചലനത്തെ അടിസ്ഥാനമാക്കിയാണ് കെപ്ലറുടെ ചലനനിയമങ്ങള്‍ ശരിയാണെന്നു തെളിയിച്ചത്.(3) 1882ലെ "സെപ്തംബര്‍ വാല്‍നക്ഷത്രം" പകല്‍വെളിച്ചത്തില്‍ കാണാവുന്ന വാല്‍നക്ഷത്രം.(4) 1910ലെ "വാല്‍നക്ഷത്രം" ): "ഹാലിയുടെ വാല്‍നക്ഷത്ര"മെന്നു തെറ്റിദ്ധരിക്കപ്പെട്ട വാല്‍നക്ഷത്രം.(5) 1994ലെ "ഷൂമാക്കെര്‍ ലെവി" വാല്‍നക്ഷത്രം : വ്യാഴത്തില്‍ ഇടിച്ചതിലൂടെ ശ്രദ്ധേയമായിത്തീര്‍ന്ന വാല്‍നക്ഷത്രം.(6) 2011ലെ "ലൗജോയ്" : പകല്‍സമയത്തും കാണാന്‍കഴിയുമായിരുന്ന വാല്‍നക്ഷത്രം. 2011 നവംബറില്‍ ദൃശ്യമായി.
Saturday, November 2, 2013
ഐസോണ്‍ വാല്‍നക്ഷത്രം
ചൊവ്വയിലേക്ക്
ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ അറുപതുകളിലാണ് നാസ റേഞ്ചര്‍ റോക്കറ്റ് അയച്ചത്. ഒന്നിനുപുറകെ ഒന്നായി ആറു ദൗത്യങ്ങള്‍ പരാജയപ്പെട്ടു. ഹതാശരായി ഏഴാം ദൗത്യത്തിന് ഒരുങ്ങവെ റോക്കറ്റുണ്ടാക്കിയ ജെറ്റ് പ്രൊപ്പല്‍ഷന്‍ കേന്ദ്രത്തിലെ ഒരു യുവശാസ്ത്രജ്ഞന് സഹപ്രവര്‍ത്തകര്‍ക്ക് കടല വിതരണം ചെയ്തു. ദൗത്യം വിജയകരമായി. റേഞ്ചര്‍ റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. പിന്നീട് 1969-ല്‍ നാസ മനുഷ്യനെ ചന്ദ്രനിലെത്തിച്ചു.
എല്ലാ പ്രധാന പര്യവേക്ഷണത്തിന് മുമ്പും കടല തിന്നുക എന്നത് പിന്നീട് നാസയില്‍ ഒരു കീഴ് വഴക്കമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കടല തിന്നുമോയെന്നറിയില്ല. എന്തായാലും നവംബര്‍ അഞ്ചിന് ഐ.എസ്.ആര്.ഒയുടെ ഏറ്റവും പ്രധാന ദൗത്യത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്; മംഗള്യാനമെന്ന് ചെല്ലപ്പേരുള്ള ഇന്ത്യയുടെ ചൊവ്വാദൗത്യം 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (മോം)' വിജയകരമാകുമോ?
അമ്പതുകോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വികസ്വര രാജ്യം 450 കോടി രൂപ ചെലവില്‍ ചൊവ്വയിലെ മീഥേന്‍ സാന്നിധ്യം തേടി ഒരു ദൗത്യത്തിലേര്പ്പെടുന്നതിന്റെ യുക്തി പലര്‍ക്കും മനസ്സിലാകില്ല. എന്നാല്‍ ഇതൊരു ശക്തിപ്രകടനമാണ്. ഇപ്പോള്‍ തറവാട് ക്ഷയിച്ചെന്നേയുള്ളൂ. പണ്ട് ഞങ്ങള്‍ക്കും ആനയുണ്ടായിരുന്നു. ഭാവിയില്‍ ഞങ്ങളുടെ ശാസ്ത്രം ഈ ലോകം ഭരിക്കുമെന്ന് കാണിക്കാനുള്ള ശക്തിപ്രകടനം. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഐ.എസ്.ആര്.ഒ ഒരു വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. അമേരിക്ക, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്, ചൈന എന്നിവയ്ക്ക് മാത്രം കഴിഞ്ഞൊരു നേട്ടം. ഭൂമിയില്‍ നിന്ന് 40 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വാഗ്രഹത്തിലേക്ക് ഒരു പേടകമയയ്ക്കുക, ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് വെറും 372 കി.മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിഞ്ഞ് അവിടത്തെ വിശേഷങ്ങള്‍ അറിഞ്ഞ് ഭൂമിക്ക് നല്‍കുക എന്നിങ്ങനെയുള്ള ദൗത്യങ്ങളാണ് ഐ.എസ്.ആര്.ഒയ്ക്ക് മുന്നിലുള്ളത്.
ചന്ദ്രയാന്‍ ഉപയോഗിച്ച തരത്തിലുള്ള പി.എസ്.എല്‍.വി-എക്സ്.എല്‍. റോക്കറ്റുപയോഗിച്ച് 1350 കി.മി ഭാരമുള്ള പേടകത്തെ 300 ദിവസം കൊണ്ടാണ് 40 കോടി കിലോമീറ്റര്‍ അകലെയെത്തിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ദേശീയ ബജറ്റിന്റെ വെറും 0.01 ശതമാനം തുകയ്ക്കാണ് ഇത്തരമൊരു മഹാദൗത്യം ഇന്ത്യ നിറവേറ്റുന്നത്. ഇതുവരെയുള്ള എല്ലാ റോക്കറ്റുകളും ചൊവ്വയിലേക്ക് നേര്‍യാത്രയാണ് നടത്തിയത്. എന്നാല്‍ മംഗള്യാന് ആകട്ടെ, ക്രമബദ്ധമായി വലുതാകുന്ന അഞ്ച് ഭ്രമണ പഥങ്ങളില്‍ ഭൂമിയെ ചുറ്റി ആറാം തവണയാണ് ചൊവ്വയുടെ ഭ്രമണപഥം പൂകുന്നത്. അഞ്ച് ഘട്ടങ്ങളില്‍ എരിഞ്ഞവസാനിക്കുന്ന, ഒടുവില്‍ ചൊവ്വയെ ചുറ്റിത്തിരിയാന്‍ ഊര്‍ജം കൊടുക്കുന്ന ആറ് എന്‍ജിനുകളുണ്ടാകും മംഗള്‍യാനില്‍. എല്ലാം കൃത്യമായി ഭവിച്ചാല്‍ 2014 സപ്തംബര്‍ 21 ന് മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
Sunday, October 27, 2013
ഐസോണ്‍- നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം!
ഐസോണ്‍ വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നിറയെ. നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രമെന്നു വിളിക്കപ്പെടുന്ന ഐസോണ്‍ (c/2012 s1) ധൂമകേതു 2013 ഒക്ടോബര്‍മുതല്‍ 2014 ജനുവരി 15 വരെ മാനത്തുണ്ടാകും. ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ഡിസംബര്‍ 26ന് ഈ ധൂമകേതുവിന്റെ ശോഭ പൂര്ണചന്ദ്രന്റെ 15 മടങ്ങായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഭൂമിയില്‍നിന്ന് ആറുകോടി 42 ലക്ഷം കിലോമീറ്റര്‍ അകലെയാകും അപ്പോള്‍ ധൂമകേതുവിന്റെ സ്ഥാനം. എന്നാല്‍ ഇപ്പോഴിതാ ചില ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു, ഐസോണിന് പ്രതീക്ഷിച്ചത്രയും ശോഭയുണ്ടാവില്ലെന്ന്! ഇപ്പോള്‍ സെക്കന്‍ഡില്‍ 26 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഐസോണ്‍ മുമ്പു കരുതിയപോലെ ജനുവരി മധ്യംവരെ മാനത്ത് ശോഭയോടെ കാണാനും കഴിയില്ല. ധൂമകേതുവിലെ ഹിമകണങ്ങള്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടതാണ് ഇതിനു കാരണമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൂടാതെ ധൂമകേതുവിനെ ആവരണം ചെയ്തിരിക്കുന്ന സിലിക്കേറ്റ് ലവണങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ശോഭ കെടുത്തുന്നുണ്ടെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. അതെന്തായാലും ലോകമെമ്പാടുമുള്ള വാനനിരീക്ഷകരും ശാസ്ത്രവിദ്യാര്‍ഥികളും ശാസ്ത്രസമൂഹം ഒന്നാകെയും കാത്തിരിക്കുകയാണ് ഐസോണിനായി.
2012 സെപ്തംബര്‍ 21ന് റഷ്യന്‍ വാനനിരീക്ഷകരായ വിറ്റാലി നൊവസ്കിയും ആര്‍ട്യം നൊവിചോനോയ്ക്കും ചേര്‍ന്നാണ് ഈ ധൂമകേതുവിനെ കണ്ടെത്തുന്നത്. ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓപ്ടിക്കല്‍ നെറ്റ്വര്‍ക്കിന്റെ (International Scientific Optical Network-ISON) 16 ഇഞ്ച് റിഫ്ളക്ടര് ദൂരദര്‍ശിനി ഉപയോഗിച്ചാണ് അവര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. എന്നാല്‍ ഇതൊരു ധൂമകേതുവാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. പിന്നീട് മറ്റു ചില ജ്യോതിശാസ്ത്രജ്ഞരുടെ അന്വേഷണമാണ് ഈ ദ്രവ്യപിണ്ഡം ഒരു ധൂമകേതുവാണെന്ന് സ്ഥിരീകരിച്ചത്. അതുകൊണ്ടാണ് പതിവിനു വിപരീതമായി ഈ ധൂമകേതുവിനു മാത്രം അത് കണ്ടെത്തിയ വാനനിരീക്ഷകരുടെ പേര് നല്‍കാതിരുന്നത്. സൗരയൂഥത്തിന്റെ അതിര്‍ത്തികളിലുള്ള ഊര്‍ട്ട് മേഘങ്ങളാണ് ഐസോണിന്റെ ജന്മനാടെന്നു കരുതപ്പെടുന്നത്. ഭൂമിയില്നിന്ന്ഏകദേശം 75,000 കോടി കിലോമീറ്റര്‍ (50,-000 AU) അകലെയാണവ ഉള്ളത്. അവിടെനിന്നു പുറപ്പെട്ട് ഒരു അതിദീര്‍ഘ വൃത്തപഥത്തില്‍ (Parabola) സൂര്യനെ സമീപിക്കുന്ന ഈ സൂര്യസ്പര്‍ശി ധൂമകേതു (Sungrazing comet) 2013 നവംബര്‍ 28ന് സൂര്യന്റെ തൊട്ടടുത്തെത്തുമ്പോള്‍ സൗരോപരിതലത്തില്‍നിന്ന് ധൂമകേതുവിലേക്കുള്ള ദൂരം കേവലം 11 ലക്ഷം കിലോമീറ്റര്‍ മാത്രമാകും. ഇത്രയധികം സൗരസാമീപ്യമുള്ള ധൂമകേതുക്കള്‍ അപൂര്‍വമാണ്.
ധൂമകേതുക്കള്‍: ജീവന്റെ സന്ദേശവാഹകര്‍
മലിനഹിമകണങ്ങള് (Dirty snowballs) എന്നാണ് വാല്‍നക്ഷത്രങ്ങളെന്ന ഓമനപ്പേരിലറിയപ്പെടുന്ന ധൂമകേതുക്കളെ ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. പൊടിപടലങ്ങളും തണുത്തുറഞ്ഞ വാതകങ്ങളും ഹിമവും കൂടിച്ചേര്‍ന്ന ഈ ദ്രവ്യപിണ്ഡത്തിന് നിശ്ചിത ആകൃതിയൊന്നുമില്ല. ഏകദേശം 500 കോടി വര്‍ഷം മുമ്പ് സൗരയൂഥത്തിന്റെ രൂപീകരണവേളയില്ത്തന്നെയാണ് ധൂമകേതുക്കളും പിറവിയെടുക്കുന്നത്. ഗ്രഹരൂപീകരണത്തില് പങ്കാളിയാവാന്‍ കഴിയാതെപോയ ദ്രവ്യ ശകലങ്ങളാണിവ. സൗരയൂഥത്തില്‍ പ്ലൂട്ടോയ്ക്കും വെളിയില്‍ സൂര്യനില്‍നിന്ന് ഏകദേശം ഒരു പ്രകാശവര്‍ഷം അകലെവരെ കാണപ്പെടുന്ന ഊര്‍ട്ട് മേഘങ്ങളാണ് ധൂമകേതുക്കളുടെ ഗര്‍ഭഗൃഹം. ഭൂമിയില്‍നിന്ന് 50,000 അസ്ട്രോണമിക്കല്‍ യൂണിറ്റ് അകലെയാണത്. ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റ് ഏകദേശം 15 കോടി കിലോമീറ്ററാണ്. അതുകൂടാതെ സൗരയൂഥത്തില്‍ നെപ്ട്യൂണിനും പ്ലൂട്ടോയ്ക്കും ഇടയിലുള്ള കുയ്പര്ബെല്ട്ടില്നിന്ന് ധൂമകേതുക്കള്‍ പിറവിയെടുക്കുന്നുണ്ട്.
സൂര്യന്റെ ഗുരുത്വബലത്തിനു വിധേയമായി സഞ്ചരിക്കുന്ന ധൂമകേതുക്കള്‍ സൂര്യനോടടുക്കുമ്പോള്‍ സൗരവാതങ്ങളുടെ ആക്രമണത്തിനിരയാവുകയും ഒപ്പം ജലതന്മാത്രകളില്നിന്ന് ഒരു ഹൈഡ്രജന്‍ ആറ്റം തെറിച്ചുപോവുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന ഹൈഡ്രജന്‍ ആറ്റവും ഹൈഡ്രജന്‍ നഷ്ടപ്പെട്ട ജലതന്മാത്രകളും Hydroxil ions ജലബാഷ്പവും ചേര്‍ന്ന് ഹിമപിണ്ഡത്തിനു ചുറ്റും ഏതാനും ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ള ഒരു അന്തരീക്ഷമായി മാറും. ഇതിനെ കോമ (coma) എന്നാണ് വിളിക്കുന്നത്. ഗ്രീക് ഭാഷയില്‍ "തല" എന്നാണിതിനര്‍ഥം. സൗരവികിരണങ്ങളുടെ മര്‍ദം കാരണം കോമയില്‍നിന്നു കുറേ ഭാഗം സൂര്യന്റെ എതിര്‍ദിശയില്‍ നീളും. അപ്പോഴാണിത് ധൂമകേതു-കൊമെറ്റ് ആകുന്നത്. കൊമെറ്റിറ്റ് എന്ന വാക്കിന് ഗ്രീക് ഭാഷയില്‍ തലമുടി എന്നാണര്‍ഥം. സൂര്യനെ സമീപിക്കുന്നതോടെ സൗരവികിരണങ്ങളുടെ തീവ്രത വര്‍ധിക്കുകയും ധൂമകേതുവിന്റെ തലയും വാലും വലുതാവുകയും ചെയ്യും. വാലിന്റെ നീളം ദശലക്ഷക്കണക്കിന് കിലോമീറ്ററുകളാകും
Wednesday, October 23, 2013
TOP STORIES TODAY
Oct 23, 2013
ചെന്നൈ: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണവാഹനം നവംബര്‍ അഞ്ചിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍നിന്ന് ഉച്ചതിരിഞ്ഞ് 3.28ന് ചൊവ്വയിലേക്കുള്ള ഐ.എസ്.ആര്.ഒ.യുടെ പ്രഥമ ബഹിരാകാശവാഹനം യാത്ര തുടങ്ങുമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് കെ. രാധാകൃഷ്ണന് അറിയിച്ചു. 'പി.എസ്.എല്‍.വി. സി 25' റോക്കറ്റാണ് 'മംഗല്യാന്' എന്നു പേരിട്ടിരിക്കുന്ന പര്യവേക്ഷണവാഹനത്തെ വഹിച്ചുകൊണ്ട് കുതിച്ചുയരുക.
ഏകദേശം 300 ദിവസം യാത്രചെയ്താണ് ബഹിരാകാശ വാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. 2014 സപ്തംബര്‍ 24ന് വാഹനം ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് ഐ.എസ്.ആര്.ഒ. കണക്കുകൂട്ടുന്നത്. 450 കോടി രൂപയാണ് ഐ.എസ്.ആര്.ഒ. ചൊവ്വാദൗത്യത്തിനായി ചെലവിടുന്നത്.
ഒക്ടോബര്‍ 28ന് ചൊവ്വാദൗത്യം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. വിക്ഷേപണവുമായി ബന്ധപ്പെട്ട സിഗ്നലുകള്‍ പിന്തുടരുന്നതിനും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള 'എം.വി.എസ്.സി.ഐ. നളന്ദ' എന്ന കപ്പല്‍ ദക്ഷിണ പെസഫിക്കില്‍ എത്താന്‍ വൈകിയതാണ് ദൗത്യം ഒരാഴ്ചയോളം വൈകിച്ചത്. ഈ കപ്പല്‍ തിങ്കളാഴ്ച ഫിജിയിലെത്തിയെന്നും വിക്ഷേപണദൗത്യത്തിന് ഇനി തടസ്സങ്ങളൊന്നുമില്ലെന്നും ഐ.എസ്.ആര്.ഒ. പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ദേവിപ്രസാദ് കാര്‍നിക് പറഞ്ഞു.
ഐ.എസ്.ആര്.ഒ.യുടെ ബഹിരാകാശസംരംഭങ്ങളില് ചൊവ്വാ ദൗത്യത്തിന് സവിശേഷസ്ഥാനമുണ്ടെന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു. ജീവസാന്നിധ്യത്തെക്കുറിച്ചും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഗ്രഹാന്തരദൗത്യങ്ങള്ക്കായുള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കും ഈ ദൗത്യം പ്രയോജനകരമാവുമെന്നാണ് ഐ.എസ്.ആര്.ഒ. കരുതുന്നത്.
ഏകദേശം 300 ദിവസം യാത്രചെയ്താണ് ബഹിരാകാശ വാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. 2014 സപ്തംബര്‍ 24ന് വാഹനം ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് ഐ.എസ്.ആര്.ഒ. കണക്കുകൂട്ടുന്നത്. 450 കോടി രൂപയാണ് ഐ.എസ്.ആര്.ഒ. ചൊവ്വാദൗത്യത്തിനായി ചെലവിടുന്നത്.
ഒക്ടോബര്‍ 28ന് ചൊവ്വാദൗത്യം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. വിക്ഷേപണവുമായി ബന്ധപ്പെട്ട സിഗ്നലുകള്‍ പിന്തുടരുന്നതിനും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള 'എം.വി.എസ്.സി.ഐ. നളന്ദ' എന്ന കപ്പല്‍ ദക്ഷിണ പെസഫിക്കില്‍ എത്താന്‍ വൈകിയതാണ് ദൗത്യം ഒരാഴ്ചയോളം വൈകിച്ചത്. ഈ കപ്പല്‍ തിങ്കളാഴ്ച ഫിജിയിലെത്തിയെന്നും വിക്ഷേപണദൗത്യത്തിന് ഇനി തടസ്സങ്ങളൊന്നുമില്ലെന്നും ഐ.എസ്.ആര്.ഒ. പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ദേവിപ്രസാദ് കാര്‍നിക് പറഞ്ഞു.
ഐ.എസ്.ആര്.ഒ.യുടെ ബഹിരാകാശസംരംഭങ്ങളില് ചൊവ്വാ ദൗത്യത്തിന് സവിശേഷസ്ഥാനമുണ്ടെന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു. ജീവസാന്നിധ്യത്തെക്കുറിച്ചും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഗ്രഹാന്തരദൗത്യങ്ങള്ക്കായുള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കും ഈ ദൗത്യം പ്രയോജനകരമാവുമെന്നാണ് ഐ.എസ്.ആര്.ഒ. കരുതുന്നത്.
Thursday, October 17, 2013
ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കിയ മുന്നറിയിപ്പ്
\
ഒഡിഷയിലും ആന്ധ്രപ്രദേശിലുമായി 24,000 കോടി രൂപയുടെ നഷ്ടംവിതച്ചാണ് ഫൈലിന് ശാന്തമായത്. ഒഡിഷയിലെ ഗന്‍ജാം ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെ എത്തിയ ഫൈലിന് 220 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച് രാവിലെ 10ന് ബൗഞ്ച് ജില്ലയിലെത്തിയാണ് ദുര്‍ബലമായത്. 15 പേരുടെ ജീവന് കവര്‍ന്ന ഈ ചുഴലി 90 ലക്ഷംപേരുടെ ജീവിതം ഇരുട്ടിലാക്കി. 2.34 ലക്ഷം വീട് തകര്‍ന്നതായാണ് കണക്ക്. കോടിക്കണക്കിന് രൂപയുടെ നെല്‍ക്കൃഷിയടക്കം നശിച്ചു. 14,514 ഗ്രാമങ്ങളെ ഫൈലിന് ബാധിച്ചു. ട്രെയിന്‍ഗതാഗതം താറുമാറായി. റെയില്‍ ലൈനുകള്‍, വൈദ്യുതി ടവര്‍, പ്ലാറ്റ്ഫോം, സിഗ്നലുകള്‍ എന്നിവയ്ക്ക് നാശം സംഭവിച്ചു. പലയിടത്തും ഇന്റര്‍നെറ്റ്, വൈദ്യുതിബന്ധം തകരാറിലായി. ഒഡിഷയിലെ ഗന്‍ജാമിലും സമീപജീല്ലകളിലുമാണ് ഏറെ നാശംവിതച്ചത്. രണ്ട് സംസ്ഥാനങ്ങളിലും ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചുഴലിയുടെ അനന്തരഫലമായി ബിഹാറിലും ബംഗാളിലും വെള്ളപ്പൊക്കമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ഫൈലിനെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കിയ കൃത്യമായ മുന്നറിയിപ്പുപ്രകാരം നടത്തിയ ഇടപെടലുകള്‍ ആള്‍നാശം കുറയ്ക്കാന്‍ ഇടവരുത്തിയെന്നത് ആശ്വാസംനല്‍കുന്ന വസ്തുതയാണ്. ഫൈലിനെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ആന്ധ്രപ്രദേശിലും ഒഡിഷയിലും വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഏഴുലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഭുവനേശ്വര്‍ വിമാനത്താവളവും പാരാദ്വീപ് തുറമുഖവും അടച്ചു. ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. എല്ലാ കപ്പലും ഉള്‍ക്കടലിലേക്ക് മാറ്റി. 24 ട്രെയിന്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അമേരിക്കയിലേതടക്കം കാലാവസ്ഥവിദഗ്ധര്‍ നല്കിയതിനേക്കാള് വളരെ കൃത്യമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയത് എന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഫൈലിന് ഒഡിഷയില്‍ തൊടുന്നത് വന്‍ചുഴലിയായിട്ടായിരിക്കുമെന്നും 300 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നുമാണ് വിദേശ ഏജന്‍സികള്‍ പ്രവചിച്ചത്. ആറുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആര്‍ത്തലയ്ക്കുമെന്ന് അവര്‍ പ്രവചിച്ചു. 2005ല്‍ അമേരിക്കയില്‍ വന്‍നാശം വിതച്ച കത്രീനയോടാണ് അവര്‍ ഫൈലിനെ ഉപമിച്ചത്. അമേരിക്കന്‍ നാവികസേന, ബ്രിട്ടനിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം, ലണ്ടനിലെ ട്രോപ്പിക്കല്‍ സ്റ്റോം റിസ്ക് തുടങ്ങിയ ഏജന്‍സികളാണ് ഇങ്ങനെ പ്രവചിച്ചത്. എന്നാല്‍, ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കിയ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നാണ് ഒടുവില്‍ തെളിഞ്ഞത്. 220 കിലോമീറ്റര്‍ വേഗമാണ് ഇവര്‍ ഫൈലിന് പ്രവചിച്ചത്. തിരമാലകള്‍ മൂന്നു കിലോമീറ്റര്‍ ഉയരത്തിലേ പൊങ്ങൂ എന്ന പ്രവചനവും കൃത്യമായി. റഡാര്‍ ഉപയോഗിച്ചുള്ള അത്യാധുനിക സംവിധാനവും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണവും ഉപഗ്രഹചിത്രങ്ങളുമാണ് ഇന്ത്യന്‍ കാലാവസ്ഥവകുപ്പിന് തുണയായത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്‍ക്കൊണ്ട് ദേശീയ ദുരന്തനിവാരണസേനയും മറ്റ് കേന്ദ്ര ഏജന്‍സികളും ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളും ഉണര്‍ന്നുപ്രവര്‍ത്തിച്ചതാണ് കൂടുതല്‍ ആള്‍നാശം ഒഴിവാക്കിയതെന്നത് ശ്രദ്ധേയം
Subscribe to:
Posts (Atom)