Thursday, October 3, 2013

ചൊവ്വയുടെ മുക്കും മൂലയും പരിശോധിക്കാന്‍ പാമ്പ് റോബോട്ട്




ചൊവ്വയിലേക്കാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെ കാണാത്ത ചൊവ്വയുടെ ഓരോ ഭാഗത്തും എത്താന്‍ കഴിയുന്ന പാമ്പിന്‍െറ ആകൃതിയിലുള്ള റോബോട്ടിനെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ.) അയച്ചേക്കും. ഭാവിയില്‍ അയക്കാനിരിക്കുന്ന പര്യവേക്ഷണ വാഹനങ്ങളില്‍ റോബോട്ടിനെ കൂടി ഘടിപ്പിക്കാനാണ് പദ്ധതി. ഇതിനുള്ള സാധ്യതാ പഠനത്തിന്‍െറ തിരക്കിലാണിപ്പോള്‍ ഗവേഷകര്‍.
‘ദി ഫൗണ്ടേഷന്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി’ലെ ഗവേഷകരാണ് പാമ്പ് ആകൃതിയുള്ള റോബോട്ടുകളുടെ സാധ്യത പരിശോധിക്കുന്നത്. പാമ്പ് റോബോട്ടിന്‍െറ പ്രാഥമിക മോഡലും നിര്‍മിച്ചിട്ടുണ്ട്.
ഉപരിതലത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ചക്രങ്ങളുള്ള പര്യവേക്ഷണ വാഹനങ്ങളാണ് ചൊവ്വയെ പഠിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നത്. ഇവയേക്കാള്‍ കൂടുതല്‍കാര്യങ്ങള്‍ ചെയ്യാന്‍ പാമ്പ് റോബോട്ടുകള്‍ക്കാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പര്യവേക്ഷണ വാഹനങ്ങളില്‍ പാമ്പ് റോബോട്ടിനെ ഘടിപ്പിച്ചാല്‍ വാഹനത്തിനത്തൊന്‍ കഴിയാത്ത പൊക്കമുള്ള തടസ്സങ്ങളും മൂലകളും കടന്നുകയറി പരിശോധിക്കാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, മണ്ണെടുത്ത് പര്യവേക്ഷണ വാഹനത്തില്‍വെച്ച് പരിശോധന നടത്തി ഫലം ഭൂമിയിലേക്ക് അയക്കാനും കഴിയും. വാഹനം തടഞ്ഞുനില്‍ക്കുന്ന സാഹചര്യങ്ങളില്‍ പാമ്പു റോബോട്ട് ഇറങ്ങി സഞ്ചരിച്ച് പണി തുടങ്ങും. തനിയെ മണ്ണിലിറങ്ങാന്‍ കഴിയുന്ന റോബോട്ടിന് പാറ പ്രദേശങ്ങളില്‍ എത്തുമ്പോള്‍ ചുരുണ്ടുകൂടി കയറി ഇറങ്ങാനും ശേഷിയുണ്ട്. വാഹനത്തിന്‍െറ കൈകളിലൊന്ന് ആവശ്യമുള്ളപ്പോള്‍ ബന്ധം വിച്ഛേദിക്കാനും ചേര്‍ന്നിരിക്കാനും കഴിവുള്ള പാമ്പ് റോബോട്ട് ആക്കാനും പദ്ധതിയിടുന്നുണ്ട്. അങ്ങനെയായാല്‍ ബന്ധം വേര്‍പെടുത്തി ഉപരിതലത്തില്‍ ഇഴഞ്ഞുനീങ്ങാനും കഴിയും. വാഹനത്തില്‍ നിന്നുള്ള ഒരു കേബിള്‍ പാമ്പ് റോബോട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ഇതാണ് വൈദ്യുതിയും സഞ്ചരിക്കാനുള്ള ശേഷിയും നല്‍കുന്നത്. ഈ രണ്ട് സംവിധാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ഈ കേബിള്‍ വഴിയായിരിക്കും.
നാസയുടെ സൊജോണര്‍ 1997ലും സ്പിരിറ്റ്, ഓപ്പര്‍ച്യൂണിറ്റി എന്നിവ 2003ലും, ക്യൂരിയോസിറ്റി 2012ലുമാണ് ചൊവ്വയുടെ ഉപരിതലം പഠിക്കാന്‍ പോയത്.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ ആറ് ചക്രങ്ങളും ക്യാമറകളും മണ്ണിന്‍െറ സാമ്പിളെടുക്കാന്‍ യന്ത്രക്കരങ്ങളും ഉള്ളതായിരുന്നു. എന്നാല്‍ അവക്ക് മറികടക്കാനാവാത്ത തടസ്സങ്ങളാണ് പര്യവേക്ഷണത്തിന് വിലങ്ങുതടി. ഒരിക്കല്‍ മുന്നോട്ടുപോകാനാവാതെ ചൊവ്വയിലെ മണലില്‍ സ്പിരിറ്റ് കുടുങ്ങിപ്പോയിരുന്നു.

No comments:

Post a Comment